Tuesday, October 03, 2006

എന്റെ കൈവശമുള്ളത്‌...!

നീയൊരു മൌനത്തിന്റെ ശാഖിയായ്‌ , എന്റെ
കറുത്ത ആകാശത്തിലേക്ക്‌ വിരല്‍ മീട്ടുന്നു.
പ്രണയത്തിന്റെ ശുഷ്‌ക്കമായൊരു വേനല്‍ക്കാലം പോലെ
ഞാന്‍ നിന്റെ മേല്‍ വേദനകള്‍ ഈട്‌ വെയ്ക്കുന്നു.
ഒരുപാട്‌ കാതങ്ങള്‍ അന്തരങ്ങളായുള്ള
നീറുന്നൊരു പലായനം,
ദുരന്തങ്ങളുടെ ആഘോഷം.

നിന്റെ സ്നേഹം എനിക്കാവശ്യമായിരുന്നോ...? അറിയില്ല
എങ്കിലും ഞാനെന്തായിരുന്നു നിന്റെ സ്നേഹത്തിനു
പകരമായ്‌ തരേണ്ടിയിരുന്നത്‌...?
കത്തുന്ന ഹൃദയത്തില്‍ നിന്നും ഉയരുന്ന വേദനകളോ...?
എന്റെ കാലത്തെ ഇരുട്ടിനുമപ്പുറം, ഈ വേദനകള്
‍ഒരു തണുത്ത ചൂടായി പൊള്ളി നില്‍ക്കുമ്പോള്
‍ഞാന്‍ നിനക്കായ്‌ കാത്തു വെച്ചിരുന്ന പടമുരിഞ്ഞു പോയ ചിരിയോ...
അതോ, അന്തഃസംഘര്‍ഷങ്ങളുടെ ഒരുഷ്ണക്കാറ്റ്‌
നീറിപ്പിടിക്കുമ്പോള്‍ പിടിവിടാന്‍ വെമ്പുന്ന
മുറിവേറ്റൊരാത്‌മാവോ...?

ഇതല്ലാതെ മറ്റൊന്നും നിനക്കായ്‌
എന്റെ കൈവശമില്ലല്ലോ...!

Monday, October 02, 2006

ഒച്ച്‌

കാലത്തെ കൈപടത്തോളം ചെറുതാക്കുന്ന കാരുണ്യത്താല്‍
ഒച്ച്‌ പെണ്‍കുട്ടിയെ സ്നേഹിക്കുന്നു...
സൃഷ്‌ടിയുടെ ദുരൂഹമായൊരുടമ്പടി മൂലം
തീര്‍ന്ന വേദനയുമായ്‌
പിന്നീടെപ്പോഴൊ പെണ്‍കുട്ടി നടന്നകലുന്നു...
ഉപ്പുകുറ്റികള്‍ അലിഞ്ഞില്ലാതാകുന്നു.
ഒച്ച്‌ മാത്രം, ഏറ്റെടുത്ത വേദനയുടെ
പൂര്‍വ്വമായൊരു നിറവായ്‌
പകച്ച്‌ നില്ക്കുന്നു.

അപരിചിതേ, നീയറിയുന്നോ,
ഈ കാരുണ്യത്തിന്റെ, വേദനയുടെ
സത്യമെന്തെന്ന്‌...?

Friday, September 29, 2006

ഇത്തിരി വേദന

അഗാധമായൊരു പാപം ഏറ്റുപറയാന്‍ വേണ്ടിയാണ്‌
ഞാനിങ്ങനെ നില്‍ക്കുന്നത്‌

ഇതാ ഈ പുസ്തകം തുറക്കൂ...
ഈ താളിലെ ചിത്രം നോക്കൂ...

നഗ്‌നകളായ പെണ്ണുങ്ങളുടെ ഒരു കൂമ്പാരം...
ഓഷ്‌വിറ്റ്‌സിലെയും ട്രെംബ്ളിങ്കയിലെയും
ചൂളകളില്‍ നിന്നു പുറത്തെടുത്ത
ജൂതപ്പെണ്ണുങ്ങളാണ്‌ ഇവര്‍.

ഞാന്‍ ഈ ചിത്രം നോക്കി
അവരുടെ ഉടലുകളില്‍ ആസക്‌തനായി.
അറുപത്‌ ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയില്
‍എന്റെ ആസക്‌തി നീറിപ്പടര്‍ന്നു.
ഒന്നല്ല, ഒരായിരം പെണ്‍കൂമ്പാങ്ങള്‍
അതിലെ ഓരോ പെണ്ണിനെയും ഞാന്‍ കൈലെടുത്തു.
ചത്ത ചുണ്ടുകളില്‍ ഞന്
‍എന്റെ ചുണ്ടുകള്‍ വിടര്‍ത്തി
ഉറങ്ങുന്ന യോനികളില്‍എന്റെ കാമംതെളിച്ചു...

നിങ്ങളും ഈ ചിത്രം നോക്കുന്നു
ചിത്രത്തിലെ തുടകളിലേയ്ക്കും മുലകളിലേയ്ക്കും...
ചത്തുതുറിച്ച കണ്ണുകളിലേയ്ക്കും...
നിങ്ങളും കാമാസക്‌തനാവുകയാണോ...?

നന്ന്‌,
നാമൊക്കെ തുല്യദുഖിതരാണ്‌
സ്നിഗ്‌ധമായ വാള്‍മുന
ഇത്തിരി വേദന

ഒ. വി. വിജയന്‍

Friday, September 15, 2006

ഒരു ചതുരത്തിലും വ്യക്തികള്‍ വ്യക്തികളല്ല

ഒരു ചതുരത്തിലും വ്യക്തികള്‍ വ്യക്തികളല്ല
നിമിഷങ്ങളും മണിക്കൂറുകളുമായി കഷണിയ്ക്കുന്ന വളര്‍ച്ചകളാണ്‌...
ഭോഗത്തിന്റെ സുരക്ഷിതത്വവും വ്യഥകളും മാത്രം
മുറികള്‍ അവര്‍ക്കു നല്‍കുന്നു...
ആരും ആരുടേതുമല്ല
എല്ലാവരും എല്ലാവരുടേതുമാണ്‌...


എല്ലാവരും കാത്തിരിപ്പാണ്‌...
ഒരു ചിരിയെ, ഒരു പെണ്‍സ്പര്‍ശത്തെ,
ഭാവിയെ, ഒരു വിപ്ലവത്തെ,
മഴയെ, വെയിലിനെ...
ഒരിക്കലും വരാത്ത എന്തോ ഒന്നിനെ...
ഈ ചതുരത്തില്‍
‍കൈപ്പിടിയില്‍ മുറുകെപ്പിടിച്ച
അന്തഃസംഘര്‍ഷങ്ങളുടെ ഉഷ്ണക്കാറ്റില്‍
വൃത്തങ്ങളില്‍
‍എല്ലാവരും കാത്തിരിപ്പാണ്‌...

സായാഹ്നങ്ങള്‍ രാത്രികളാവുന്നു...
ചെറിയ സന്തോഷങ്ങള്‍ പോലുംആരും പകരം വെയ്ക്കുന്നില്ല...
എങ്കിലും, സംഭവങ്ങള്‍ സംഭവിക്കേണ്ടതാണ്‌...!!!

Saturday, September 09, 2006

I saw the best brains of my generation, destroyed by madness...

ചേര്‍പ്പുകളില്‍ നിറയെ ഇരുളും മരണവുമാണ്‌
കായലില്‍ മുങ്ങിയവര്‍ തിരികെ കയറിയിട്ടില്ല
യാത്ര പുറപ്പെട്ടവര്‍ തിരിച്ചെത്തിയിട്ടുമില്ല
അല്ലെങ്കിലും ആരും ഇതൊന്നും പ്രതീക്ഷിക്കുന്നില്ല
അതിര്‍ത്തികളും ചിന്‍ഹങ്ങളുമുള്ളൊരു കാറ്റ്‌ വീശുന്നു
ആരോ മുഖം കോട്ടി ചിരിയ്ക്കുന്നുമുണ്ട്‌...

സുഹൃത്തെ,
കരളില്‍ ഊറയ്ക്കിട്ടിരുന്ന വിപ്ലവങ്ങള്
‍അവയുടെ ചെരിപ്പുകള്‍ കണ്ടെത്തി നടന്നു തുടങ്ങി
ഇനിയുമൊരുപക്ഷെ ചെരിപ്പുകള്‍ ഇല്ലാതെയും....

പ്രണയം

എന്റെ ഈര്‍പ്പം നിറഞ്ഞ ഇടനാഴികളില്
‍പുഴുങ്ങിയ ഉരുളക്കിഴങ്ങുകളുടെ ഗന്ധവും
വാടാമല്ലി പൂക്കളുടെ ശകലങ്ങളും
നിന്റെ പ്രണയത്താല്‍മുറിക്കപ്പെട്ട കൈവിരലും നിറഞ്ഞു നിന്നു...

ആ ഇടനാഴിയിലെ ഇരുളുകളിലെവിടെയോ....
നിന്റെ സ്പര്‍ശമുണ്ടായിരുന്നു...

എന്നാല്‍,ഏതോ നിയതക്രമത്താല്
‍ലംബമായും തിരശ്ചീനമായുംകീറപ്പെട്ട ചാലുകളായ്‌
നീ എന്നിലേയ്ക്കെത്താതെ പോകുന്നു.

പ്രണയം ഒത്തുതീര്‍ക്കപ്പെട്ട ദുരന്തമാണ്‌...
വേദന കനത്ത സൗന്ദര്യം...